Kanam Rajendran – കാനം എന്ന കരുത്ത്


ഡിസംബര്‍ 8, 2023 കേരളത്തിലെ ജനങ്ങളെ പൊതുവിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രത്യേകിച്ചും അതീവ ദു:ഖത്തിലാഴ്ത്തിക്കൊണ്ട് കാനം രാജേന്ദ്രന്‍ എന്ന കമ്മ്യൂണിസ്റ്റിന്റെ വിയോഗ വാര്‍ത്ത വരികയുണ്ടായി. ഈ വാര്‍ത്ത തികച്ചും ഞെട്ടലോടെയാണ് കേരള ജനത ശ്രവിച്ചത്. കമ്മ്യൂണിസ്റ്റുകാരുടെ നാടായി ലോകജനത തന്നെ കാണുന്ന കേരളം അനേകം മികച്ച കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ സംഭാവന ചെയ്തിട്ടുണ്ടെങ്കിലും സമകാലീന കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച നേതാവിനെയാണ് കാനത്തിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരന് വേണ്ട സാമൂഹിക പ്രതിബദ്ധതയും സാധാരണ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള ആര്‍ജ്ജവവും എപ്പോഴും ഉണ്ടാകണമെന്ന് അദ്ദേഹം നവയുഗത്തിലൂടെ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിമാരെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു.
ജനാധിപത്യവും ഭരണഘടനയും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുകയും അതിനുവേണ്ടിയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുവേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരുന്നു. രാജ്യം അതിസങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോയ കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ ഇടതുപക്ഷ ഭരണം നിലനില്‍ക്കുന്നതിന് ഒരു സുപ്രധാന പങ്ക് വഹിച്ചത് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ കാനം രാജേന്ദ്രന്‍ തന്നെ. 2015 മുതല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് മുതല്‍ പാര്‍ട്ടിയെയും പാര്‍ട്ടിയുടെ വര്‍ഗ്ഗബഹുജന സംഘടനകളെയും ശക്തിപ്പെടുത്തുന്നതിന് വേണ്ടി സ്വന്തം പാര്‍ട്ടിയിലെ മറ്റ് നേതാക്കളെ സജ്ജരാക്കുന്നതില്‍ അദ്ദേഹം പൂര്‍ണ്ണമായി വിജയിച്ചു എന്നതുതന്നെ അദ്ദേഹത്തിന്റെ മുന്‍ഗാമികളായ ശ്രീ. അച്യുതമേനോന്‍, പി.കെ.വി., സി.കെ. ചന്ദ്രപ്പന്‍, വെളിയം ഭാര്‍ഗ്ഗവന്‍ എന്നീ പാര്‍ട്ടി സെക്രട്ടറിമാരുടെയെല്ലാം ഗണത്തിലേക്ക് അദ്ദേഹം ഉയരുകയായിരുന്നു. വളരെ അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പാര്‍ട്ടിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകത്തെ നിലനിര്‍ത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് മാത്രമല്ല കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ എന്നും സ്ഥിരപ്രതിഷ്ഠ നേടിയ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി സി.പി.ഐ.യെ നിലനിര്‍ത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന്റെ കൂടി ഭാഗമായി പല പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് എന്നത് വാസ്തവം തന്നെ. മനോരമ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, പ്രഥമ സി.കെ. ചന്ദ്രപ്പന്‍ പുരസ്‌കാരം എന്നിവ അതില്‍ ചിലത് മാത്രമാണ്. സി.കെ. ചന്ദ്രപ്പന്റെ സോഷ്യലിസ്റ്റ് ആശയങ്ങളോട് എന്നും പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള അദ്ദേഹം പ്രഥമ സി.കെ. ചന്ദ്രപ്പന്‍ പുരസ്‌കരവുമായി ബന്ധപ്പെട്ട് കിട്ടിയ 50,000/- രൂപയും കൊല്ലത്ത് സി.കെ. ചന്ദ്രപ്പന്റെ നാമധേയത്തില്‍ ഉയര്‍ന്നുവന്ന മന്ദിരത്തിന്റെ നിര്‍മ്മാണത്തിനായി നല്‍കിയിരുന്നു. എ.ഐ.റ്റി.യു.സി.യുടെ കേരള ഘടകം സെക്രട്ടറി ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടിയുള്ള നിയമനിര്‍മ്മാണങ്ങളില്‍ അതീവ തല്പരനായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധമായി കൊണ്ടുവന്ന നിയമങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ജനയുഗത്തിലും നവയുഗത്തിലും അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. എ.ഐ.റ്റി.യു.സി.യുടെ മാസികയായ ട്രേഡ് യൂണിയന്റെ ചീഫ് എഡിറ്ററായിരുന്ന അദ്ദേഹം ട്രേഡ് യൂണിയനിലൂടെ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയും മതനിരപക്ഷേ, സ്ഥിതിസമത്വ ആശയങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ലേഖനങ്ങള്‍ വരുന്നുണ്ട് എന്നും ഉറപ്പാക്കിയിരുന്നു. കേരളത്തെ പൂര്‍ണ്ണ ഭരണഘടന സാക്ഷരത നേടിയ സംസ്ഥാനമായി മാറ്റുന്നതിനുവേണ്ടിയും സി.കെ. ചന്ദ്രപ്പന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ശ്രമിക്കണമെന്ന് ഓര്‍മ്മപ്പെടുത്തിയ കാനം കേരളത്തിലെ യുവജനങ്ങളെ സാമൂഹിക സേവനം ചെയ്യുവാന്‍ സജ്ജരാക്കണം എന്നും ഓര്‍മ്മപ്പെടുത്തുകയുണ്ടായി. ഭരണഘടന സാക്ഷരതയും സാമൂഹിക സേവനവും കേരളത്തിലെ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികളുടെ പഠനവിഷയമായി മാറ്റിക്കൊണ്ട് സാമൂഹിക സുരക്ഷയിലും സാമൂഹിക നീതിയിലും അതിഷ്ടിതമായ ഒരു സമൂഹത്തെ കേരളത്തില്‍ വാര്‍ത്തെടുക്കണം എന്ന ഓര്‍മ്മപ്പെടുത്തല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവായ ശ്രീ. കാനം തന്റെ എഴുത്തികളിലൂടെയും പ്രസംഗങ്ങളിലൂടെയും അദ്ദേഹത്തിന് മുമ്പെ കടന്നുപോയ മഹാന്മാരായ കമ്മ്യൂണിസ്റ്റ് നേതാക്കാന്മാരുടെ ശ്രേണിയിലേക്ക് ഉയരുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പല പ്രധാന പഴയകാല നേതാക്കന്മാരുടെയും സംഭാവനകളെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ് പുതിയ തലമുറയ്ക്ക് അറിയാന്‍ കഴിഞ്ഞത്. ജനയുഗത്തിലെ പല ലേഖനങ്ങളും അതിന് ചില ഉദാഹരണങ്ങള്‍ മാത്രം. രാജ്യം നവലിബറല്‍ നയങ്ങളിലൂടെ മുന്നോട്ടുപോകുന്ന കാലത്ത് മതനിരപേക്ഷതയും ജനാധിപത്യ ആശയങ്ങളും ദുര്‍ബലപ്പെടുമ്പോള്‍ കേരളത്തെയും രാജ്യത്തെയും ഒരു ശരിയായ ദിശയിലേക്ക് നയിക്കാന്‍ ശ്രമിച്ച ചാലകശക്തിയെയാണ് നഷ്ടമായിരിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് വേണ്ട ഏറ്റവും വലിയ സവിശേഷത പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെയും പൊതുജനത്തിന്റെയും പ്രതീക്ഷകള്‍ക്ക് അനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കുവാനുള്ള കഴിവാണ്. അത്തരത്തിലുള്ള സവിശേഷ വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നത് ഈ വിയോഗത്തെ കൂടുതല്‍ ദു:ഖസാന്ദ്രമാക്കുന്നു. അദ്ദേഹത്തിന്റെ നഷ്ടം നികത്താന്‍ കഴിവുള്ള ഒരു പ്രസ്ഥാനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിലെ പ്രവര്‍ത്തകരും എന്നതാണ് ഇത്തരം നഷ്ടത്തിനും വേദനയ്ക്കും ഉള്ള ഒരു താത്ക്കാലിക ആശ്വാസം. എം.എന്‍. സ്മാരകത്തിന്റെ നവീകരണം അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അത് നടപ്പിലാക്കുവാനുള്ള കരുത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും ഏറ്റെടുക്കും എന്നതില്‍ സംശയമില്ല. കാനം രാജേന്ദ്രന്‍ എന്ന കമ്മ്യൂണിസ്റ്റ് ധീരനായ നേതാവും അര്‍പ്പണബോധവുമുള്ള ഒരു പൗരനായിരുന്നു. ഇക്കാലത്ത് രാഷ്ട്രീയത്തില്‍ മാതൃകകള്‍ തേടുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കാനം ഒരു ഉത്തമമാതൃകയാണ്.

സഫിമോഹന്‍ എം.ആര്‍
സെക്രട്ടറി
സി.കെ. ചന്ദ്രപ്പന്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്