2012 ഫെബ്രുവരി 7 മുതൽ 11 വരെ കൊല്ലത്ത് നടന്ന ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘കലാകൗമുദി’ വാരികക്ക് അനുവദിച്ച പ്രത്യേക അഭിമുഖ സംഭാഷണം. ഒരു പക്ഷേ ഇതായിരിക്കാം സ.സി.കെ.ചന്ദ്രപ്പൻ ഒരു മാദ്ധ്യമവുമായി നടത്തിയ അവസാനത്തെ അഭിമുഖ സംഭാഷണം.
സി.പി.ഐയുടെ സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന അജണ്ട എന്താണ്?
സി.പി.ഐയുടെ സംസ്ഥാന സമ്മേളനം പ്രധാനമായി ചർച്ചചെയ്യുന്നത് കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയാണ്. നേരിയ ഭൂരിപക്ഷത്തിലുള്ള ഉമ്മൻചാണ്ടി സർക്കാരിന്റെ നിലനിൽപ്പും ജനവിരുദ്ധപ്രവർത്തനങ്ങളും വിലയിരുത്തി പ്രക്ഷോഭങ്ങൾ ആവിഷ്കരിക്കും. എന്നാൽ സർക്കാരിനെ അവിഹിതമായി ഇറക്കിവിടുന്ന അധാർമ്മിക രാഷ്ട്രീയത്തിലേക്ക് ഞങ്ങൾ ഇല്ല. എന്നാൽ ഒരു കാര്യം തീർച്ചയാണ്: പിറവം ഉപതിരഞ്ഞെടുപ്പോടെ സർക്കാരിന്റെ ഭാവി നിർണ്ണായകമാകും. പിറവം തോൽവിയോടെ കോൺഗ്രസിന്റെ രാഷ്ട്രീയ പരാജയങ്ങൾ തുടങ്ങാനിരിക്കയാണ്. പിറവത്തിനുശേഷം ഒരാളുടെ ഭൂരിപക്ഷത്തിലാകും സർക്കാർ. ആ രാഷ്ട്രീയശിഥിലതയ്ക്ക് മുന്നിൽ സർക്കാരിന് എത്രത്തോളം പിടിച്ചുനിൽക്കാനാവുമെന്ന് കണ്ടറിയണം. സ്വാഭാവികമായി, ഇതുമായി ബന്ധപ്പെട്ടാണ് കേരളത്തിൽ ഇടതുപക്ഷത്തിന്റെ ഭാവിയും.
സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംസ്ഥാന സമ്മേളനങ്ങൾക്കുശേഷം ഇടതുമുന്നണിയുടെ പ്രവർത്തനത്തിൽ മാറ്റമുണ്ടാകുമോ?
ഇടതുപക്ഷമുന്നണിയുടെ പ്രവർത്തനങ്ങളെപ്പറ്റി വളരെ വ്യക്തമായ കാഴ്ചപ്പാട് സി.പി.ഐ. പലപ്പോഴും രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇടതുമുന്നണി കുറെക്കൂടി കൊഹിസിവ് ആകണം. അതായത് പരസ്പരാശ്രയത്വം ഉള്ളത്. സഖ്യകക്ഷികളെ കൂടുതൽ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണം. അതേപ്പറ്റി ഉണ്ടായ കൊച്ചുകൊച്ചു സംശയങ്ങളാണ് നിയമസഭാതിരഞ്ഞെടുപ്പിൽ വലിയ വലിയ നഷ്ടങ്ങളായി മാറിയത്. ഇന്നലെ പ്രകാശ് കാരാട്ട് പ്രസ്താവനയിൽ പറഞ്ഞത് അത്തരം നഷ്ടങ്ങൾ തിരുത്താൻ ശ്രമിക്കുമെന്നാണ്. ഞങ്ങളുടെ കൂടെ നിൽക്കുകയും എന്നാൽ കൊച്ചുകാരണങ്ങൾകൊണ്ട് മുന്നണി വിട്ടുപോകുകയും ചെയ്തവരെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുമെന്നും കാരാട്ട് വ്യക്തമാക്കി. വളരെ സ്വാഗതാർഹമായ പ്രസ്താവനയാണത്. കേരളത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.
പരസ്പരവിശ്വാസത്തിലൂന്നിയ കെട്ടുറപ്പിൽ പ്രവർത്തിക്കുന്ന സ്ഥിരം സംവിധാനമായി ഇടതുമുന്നണി മാറണം. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം മതി മുന്നണി എന്ന ചിന്ത പോരാ. ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്ന് സി.പി.ഐ ആലോചിക്കും. സ്വാഭാവികമായി സി.പി.എമ്മും ആലോചിക്കുമല്ലോ?
കോൺഗ്രസിനെയും യു.ഡി.എഫിനെയും രാഷ്ട്രീയമായി തോൽപ്പിച്ചാൽ മാത്രം പോരല്ലോ. ഭാവികേരളത്തെ നയിക്കാൻ കെട്ടുറപ്പുള്ള ഒന്നായും ഇടതുമുന്നണി മാറണം. അപ്പോൾ ഒട്ടേറെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെപ്പറ്റി ആലോചിക്കണം. പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളുടെ കാര്യം.
മതന്യൂനപക്ഷങ്ങളെ ആകർഷിക്കുന്ന കാര്യത്തിൽ എന്താണ് നിലപാട്?
മതന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോൾ മതന്യൂനപക്ഷങ്ങൾ പറയുന്നത് ശരിയോ തെറ്റോ എന്നതിന്റെ അടിസ്ഥാനത്തിലല്ല അവരെ സമീപിക്കേണ്ടത്. അവർ ശരിയും തെറ്റും പറയുന്നുണ്ടാവും. പക്ഷേ, അവരുടെ ഉള്ളിൽ ഉത്കണ്ഠയുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികളെപ്പറ്റി. ആ ഉത്കണ്ഠയിൽ കാര്യമൊന്നുമില്ലെന്ന് നമ്മൾ പറഞ്ഞതുകൊണ്ട് ഉത്കണ്ഠ മാറില്ല. മതന്യൂനപക്ഷങ്ങളുടെ ഉത്കണ്ഠ തീർക്കുന്നതിനുള്ള നടപടി ഇടതു രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാക്കണം. ഇതൊരു തുടർപ്രക്രിയയാകണം.
മദ്ധ്യവർഗ്ഗത്തിന്റെ കാര്യമോ?
എല്ലാ ജാതിമതവിഭാഗവും വളരുന്ന മദ്ധ്യവർഗ്ഗത്തിലുണ്ട്. നവ ഉദാരവത്കരണത്തിന്റെ ഗുണഭോക്താക്കൾ എന്ന നിലയിൽ മദ്ധ്യവർഗ്ഗം നിൽക്കാറുണ്ടെങ്കിലും അവർ ദുരിതങ്ങളും അനുഭവിക്കുന്നുണ്ട്. പെട്രോൾ വില ഇനി കമ്പനികൾ നിശ്ചയിക്കുമെന്നുപറഞ്ഞ് കൈകഴുകുമ്പോൾ ഒരു ബൈക്കുള്ള കുടുംബത്തിന്റെ താളംതെറ്റുകയാണ്. അതുകൊണ്ട് മദ്ധ്യവർഗ്ഗത്തെ ശത്രുപക്ഷത്ത് കാണേണ്ടതില്ല. കുറേക്കൂടി അനുഭാവപൂർണ്ണമാകണം അവരോടുള്ള നിലപാട്. മുഷിഞ്ഞ വേഷമിടാതെ, കാറിൽ സഞ്ചരിക്കുന്നു എന്നതിനാൽ മദ്ധ്യവർഗ്ഗക്കാരൻ വർഗ്ഗശത്രുവാണെന്ന് മുദ്രകുത്തരുത്.
മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഇടതുപക്ഷത്തിന്റെ ഭാഗത്ത് കുറെക്കൂടി കറക്ഷൻ ഉണ്ടാകണം. അതുവഴി ഐക്യവും ഉണ്ടാകണം. ഇടതുപക്ഷത്ത് എപ്പോൾ കെട്ടുറപ്പുണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം വലിയ നേട്ടവും ഉണ്ടായിട്ടുണ്ട്. പഞ്ചായത്തിലും പാർലമെന്റിലുമുണ്ടായ വലിയ തിരിച്ചടിയുടെ ആഘാതം നിയമസഭാ വോട്ടെടുപ്പിൽ അനുഭവപ്പെടാതിരുന്നത് ഇടത് ഐക്യംകൊണ്ടാണ്. ചുണ്ടിനും കപ്പിനുമിടയിലാണ് ഭരണം നഷ്ടപ്പെട്ടത്.
കത്തോലിക്കർക്ക് കമ്മ്യൂണിസ്റ്റുകാരോടുള്ള നിലപാട് എങ്ങനെ കാണുന്നു?
പഴയ രീതിയിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധചേരി ഇന്നും നിലനിൽക്കണമെന്ന് കത്തോലിക്ക പള്ളി പോലും ആഗ്രഹിക്കുന്നില്ല. ലാറ്റിനമേരിക്കയിൽ കമ്മ്യൂണിസ്റ്റുകാർ ചേർന്ന് വലിയ രാഷ്ട്രീയമുന്നേറ്റങ്ങളാണ് കത്തോലിക്കപള്ളി ചെയ്യുന്നത്. അവിടെ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരാനുള്ള കാരണംതന്നെ പള്ളികളാണ്. ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയും അംഗീകരിക്കുന്നുണ്ട്. ആ യാഥാർത്ഥ്യം ഇവിടെയും കാണണം. 1957ലെ തിരഞ്ഞെടുപ്പിനുമുമ്പ് അങ്ങനെയൊരു സാഹചര്യമുണ്ടായിരുന്നു.
1957ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുന്നതിനുമുമ്പ് കത്തോലിക്കാസഭയും കമ്മ്യൂണിസ്റ്റുകാരും തമ്മിൽ വലിയൊരു ആശയസംവാദം നടന്നിരുന്നു. ഒരുഭാഗത്ത് ഫാദർ വടക്കൻ. മറുവശത്ത് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ കെ. ദാമോദരൻ. ‘യേശുക്രിസ്തു മോസ്കോവിൽ’ എന്ന തലക്കെട്ടിൽ കെ. ദാമോദരൻ ഒരു ലേഖനം എഴുതിക്കൊണ്ടായിരുന്നു അതിനു തുടക്കമിട്ടത്. തുടർന്ന് വടക്കന്റെ മറുപടി. അതൊരു സംവാദമായി കേരളം മുഴുവൻ പടർന്നു. മതന്യൂനപക്ഷസമൂഹത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് വലിയ തോതിൽ ഇടപെടാനും സ്വീകാര്യത ലഭിക്കാനും ഇടയാക്കി ആ സംവാദം. സമാനമായ ഒരു മുന്നേറ്റത്തിന് ഇപ്പോഴും നിലമൊരുക്കണം.
ഭരണം നഷ്ടപ്പെട്ട കാര്യത്തിൽ സി.പി.എമ്മുമായി അഭിപ്രായവ്യത്യാസമുണ്ടോ?
അതു പറയുമ്പോഴാണ് സി.പി.എമ്മുമായി അഭിപ്രായവ്യത്യാസമുണ്ടാകുന്നത്. ഭരണം നഷ്ടപ്പെട്ടതിനു കാരണം വിഭാഗീയതയാണെന്ന് ഞങ്ങൾ പറഞ്ഞതല്ല, അത് സി.പി.എമ്മിന്റെ റിപ്പോർട്ടിൽ തന്നെയുണ്ട്. സി.പി.എമ്മിന്റെ അഞ്ചു സീറ്റുകൾ കേരളത്തിൽ നഷ്ടപ്പെട്ടത് കേവലം മൂവായിരത്തിൽ താഴെ വോട്ടിനാണ്.
മണലൂർ, പിറവം, കണ്ണൂരിലെ ഒരു മണ്ഡലം ഇതെല്ലാം ഉൾപ്പെട്ടതാണ്. സി.പി.എമ്മോ സ്വതന്ത്രന്മാരോ ആണ് ഇവിടെ മത്സരിച്ചത്. 500ൽ താഴെ വോട്ടിന് തോറ്റവരാണ് പലരും. അത്രയ്ക്കും ശക്തമായ മത്സരമായിരുന്നു. നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൽ.ഡി.എഫിൽ നടന്ന കാര്യങ്ങൾകൂടി ഓർക്കേണ്ടതാണ്. എൽ.ഡി.എഫിൽ കക്ഷികൾ തമ്മിൽ വലിയ അകൽച്ച നിലനിന്നിരുന്നു. ആ പിണക്കം മാറ്റി എല്ലാ ബഹുജനസ്ഥാപനങ്ങളെയും ഊർജ്ജസ്വലമാക്കി. മന്ത്രിമാരുടെ നേതൃത്വത്തിൽ സർക്കാരിന്റെ നേട്ടം വിശദീകരിക്കുന്ന പദയാത്രകൾകൂടി നടത്തിക്കഴിഞ്ഞപ്പോൾ പ്രതിച്ഛായ ആകെ മാറി. എൽ.ഡി.എഫ് ജയിച്ചേക്കും എന്ന തോന്നൽ ജനങ്ങളിലുണ്ടായി. ആ തോന്നൽ പാരമ്യതയിൽ നിൽക്കുമ്പോഴാണ് വി.എസിന്റെ സീറ്റിനെച്ചൊല്ലി അനാവശ്യമായൊരു ചർച്ച രൂപപ്പെടുന്നത്. തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ, മുമ്പൊരു അനുഭവം കൂടിയുള്ള പശ്ചാത്തലത്തിൽ അത് സി.പി.എം. ഒഴിവാക്കേണ്ടതായിരുന്നു. പറഞ്ഞുതീർക്കാൻ പറ്റാത്തവിധം പ്രശ്നങ്ങളുണ്ടെങ്കിൽ തിരഞ്ഞെടുപ്പിനുശേഷം അത് സെറ്റിൽ ചെയ്യാനായിരുന്നു സി.പി.എം. ശ്രമിക്കേണ്ടിയിരുന്നത്. അത്തരം പ്രശ്നം ഒഴിവാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ ഇടതുപക്ഷം സീറ്റ് തൂത്തുവാരിയേനെ. അഞ്ചു സീറ്റ് കിട്ടുന്നതിന്റെ കാര്യം മാത്രമല്ല, മറ്റു പല സീറ്റുകളുടെയും കാര്യവും.
ഇതൊക്കെ ഒഴിവാക്കേണ്ട സംഗതികളാണ്. ബംഗാളിലെപ്പോലെ ഇടതുപക്ഷം നിലംപരിശായില്ല ഇവിടെ. തിരിച്ചുവരവ് അസാദ്ധ്യമെന്നും കരുതുന്നില്ല.പക്ഷേ, അതിനായി ഇടതുമുന്നണിയെ പരിഷ്കരിക്കണം.
ഇടതുമുന്നണിയില്‍ നിന്നും പോയവരെ മടക്കിക്കൊണ്ടുവരുമെന്ന് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിനു മുമ്പ് താങ്കള്‍ കലാകൗമുദിയോട് പറയുകയുണ്ടായി. ഒന്നും സംഭവിച്ചില്ല. ഇപ്പോഴും ഇടതുമുന്നണി വിപുലമാക്കുമെന്ന് പറയുന്നു. പോയവരെ ആര്, എങ്ങനെ മടക്കിക്കൊണ്ടുവരും?
പോയവരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കേണ്ടത് നമ്മളാണ്. അല്ലാതെ പോയവര്‍ തിരിച്ചുവന്ന് ക്ഷമ പറയില്ല. നമ്മള് കൂടുതല്‍ ഹംബിള്‍ ആകണം. നമ്മള് ചിലപ്പോള്‍ പറയേണ്ടിവരും, ഞങ്ങള്‍ കുറച്ചുകൂടുതല്‍ പറഞ്ഞുപോയി ക്ഷമിക്കണം എന്ന്. രാഷ്ട്രീയത്തില്‍ അങ്ങനെയൊരു മിഥ്യാഭിമാനത്തിന്റെ പ്രശ്നമൊന്നുമില്ല. ഒരു സമൂഹത്തെ മാറ്റിമറിക്കാനുള്ള വലിയ ദൗത്യം ഏറ്റെടുക്കുമ്പോള്‍ ഒരു ക്ഷമ പറഞ്ഞതുകൊണ്ട് ഒന്നും നഷ്ടപ്പെടാനില്ല. നമ്മള് എങ്ങനെ അതു ചെയ്യുന്നു എന്നതല്ല പ്രശ്നം. അതു ചെയ്യാനുള്ള മനസ്സുണ്ടോ, മനോഭാവമുണ്ടോ എന്നതാണ്. അത്തരമൊരു മനോഭാവം ഉണ്ടെന്നാണ് പ്രകാശ് കാരാട്ടിന്റെ വര്‍ത്തമാനത്തില്‍ നിന്നു മനസ്സിലായത്. സി.പി.എമ്മിന്റെ കരടു രാഷ്ട്രീയ പ്രമേയം അദ്ദേഹം വിശദീകരിച്ചത് ആ രീതിയിലാണ്. അതിന്റെ ആദ്യ പ്രതിഫലനം ബംഗാളിലും കേരളത്തിലുമാകും ആദ്യം ഉണ്ടാകുക. ബംഗാളിലും കേരളത്തിലും ഭരണം തിരിച്ചുകിട്ടുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും അതിന്റെ പ്രതിഫലനമുണ്ടാകും.
സി.പി.എമ്മിന്റെ വീഴ്ചകളും വിഭാഗീയതയുമാണ് ഇടതുപക്ഷത്തിന്റെ തിരിച്ചടിക്ക് കാരണമെന്ന് ആരോപിക്കുമ്പോൾ സി.പി.ഐയുടെ നിലപാടുകളോ? രണ്ടുതവണ ജയിച്ചവർ മാറിനിന്ന് പുതുമുഖങ്ങൾ മത്സരിക്കട്ടെ എന്നു തീരുമാനിക്കുകവഴി ബിനോയ് വിശ്വത്തെയും കെ.പി. രാജേന്ദ്രനെയും ഒഴിവാക്കിയത് എൽ.ഡി. എഫിന് നഷ്ടമായില്ലേ?
ബോധപൂർവ്വമെടുത്ത തീരുമാനമാണത്. അവരെ ഒഴിവാക്കുക എന്നതായിരുന്നില്ല അത്. പണ്ടൊക്കെ അനുഭവസമ്പന്നരായ ടവറിംഗ് പെഴ്സണാലിറ്റീസിനുള്ളതായിരുന്നു തിരഞ്ഞെടുപ്പ്. ഇന്ന് യുവാക്കളുടെ വലിയ നിരയുണ്ട്. അവർ മോശക്കാരല്ല. അവർക്ക് സീറ്റ് നൽകണമെങ്കിൽ ചിലർ ഒഴിയേണ്ടിവരും. ഞങ്ങൾ ഒരുപാടു പ്രാവശ്യം ഇക്കാര്യം ചർച്ചചെയ്തതാണ്. രണ്ടുതവണ മത്സരിച്ചവരെയോ ജയിച്ചവരെയോ ഒഴിവാക്കുക. വേണമെങ്കിൽ ഇളവ് കൊടുക്കാം. പക്ഷേ, ഇളവു കൊടുത്താൽ എവിടെ അവസാനിപ്പിക്കും?
ചില സീറ്റുകളുടെ കാര്യത്തിൽ ഇന്നയാളാണെങ്കിൽ ജയസാദ്ധ്യത കൂടില്ലേ എന്ന പ്രശ്നം ഉയർന്നിട്ടുണ്ട്. അത് ശരിയുമായിരുന്നു. ആ പറഞ്ഞ ആളുടെ ബന്ധം, സമീപനം ഒക്കെയുണ്ടല്ലോ. പക്ഷേ, സീറ്റ് നൽകാത്തതിന്റെ പേരിൽ ഒരാളും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉഷാറാകാതിരുന്നില്ല. സി.പി.ഐയിൽ വിഭാഗീയതയോ ശൈഥില്യമോ ഉണ്ടായില്ല.
കഴിഞ്ഞ സർക്കാരിൽ സി.പി.ഐ. മന്ത്രിമാരുടെ പ്രവർത്തനം എങ്ങനെയായിരുന്നു?
ഞങ്ങൾ പ്രതീക്ഷിച്ചതിനെക്കാൾ മികച്ച പ്രകടമായിരുന്നു കൃഷിമന്ത്രി മുല്ലക്കര രത്നാകരന്റേത്. നവാഗതനായ എം.എൽ.എയും മന്ത്രിയുമായിരുന്നു അദ്ദേഹം. മുൻപരിചയമൊന്നുമില്ലാതിരുന്നിട്ടും അദ്ഭുതപ്പെടുത്തുന്ന വിധം പ്രവർത്തിക്കാനായി. നെൽക്കൃഷി ‘ക്രിട്ടിക്കലാ’ണെന്ന് മനസ്സിലാക്കി നെൽകർഷകർക്ക് സഹായം ഉറപ്പാക്കി. ഉല്പന്നം ന്യായവിലയ്ക്ക് വാങ്ങുന്ന സംവിധാനം ഉണ്ടാക്കി. നെൽകർഷകർക്ക് പെൻഷനും ഏർപ്പെടുത്തി. ഇതൊന്നും മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടില്ല എന്നോർക്കണം. കാർഷികരംഗത്തെ ഈ മുന്നേറ്റം ഇടതുസർക്കാരിന്റെ ശോഭ വർദ്ധിപ്പിച്ചു എന്നുകൂടി കാണണം. ഇന്ത്യയൊട്ടാകെ കടാശ്വാസത്തിനുവേണ്ടി വൻതുക നൽകിയെങ്കിലും കേരളത്തിൽ മാത്രമാണ് കർഷക ആത്മഹത്യ തടയാൻ കഴിഞ്ഞതെന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. ഇത് ചെറിയ കാര്യമല്ല എന്നോർക്കുക. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കടാശ്വാസ കമ്മിഷൻ ഉണ്ടാക്കി കർഷകനെ സഹായിച്ചു എന്നതാണ് ആത്മഹത്യ ഇല്ലാതാകാനുള്ള കാരണം. ഇത്തരം നടപടി സ്വീകരിക്കുന്നതിൽ നവാഗതൻ എന്ന നിലയിൽ മുല്ലക്കര ചെയ്തത് അഭിനന്ദനാർഹവും മാതൃകാപരവുമാണ്.
കൃഷിക്കാര്യത്തിലെന്നപോലെ വനം, റവന്യൂ കാര്യങ്ങളിലും മന്ത്രിമാർ ശോഭിച്ചു. ഇന്ത്യയിൽ വനം വർദ്ധിച്ച ഏകസ്ഥാനം കേരളമാണ്. വനം വർദ്ധിച്ചത് നല്ലതോ ചീത്തയോ എന്നതൊക്കെ വേറെ കാര്യം. എന്തായാലും വനംകൊള്ള തടയാനായി. വനം കൂടുന്നത് മോശം കാര്യമല്ല.
കെ.പി. രാജേന്ദ്രന്റെ സേവനവും ഒട്ടും കുറച്ചുകാണാൻ പാടില്ല. പട്ടയം നൽകുമ്പോൾ കൈമാറ്റാവകാശത്തോടുകൂടി പട്ടയം കൊടുക്കാൻ പാടില്ലെന്ന് സുപ്രീംകോടതിവിധി ഉണ്ടായിരുന്നു. അതിനെതിരെ അപ്പീൽ പോയി ജയിച്ചു, കെ.പി. രാജേന്ദ്രൻ. ഇതൊരു ചെറിയ കാര്യമല്ല. ഇപ്പോൾ പട്ടയം നൽകുന്നത് രാജേന്ദ്രൻ ജയിച്ച കേസിന്റെ പിൻബലത്തിലാണ്.
കേവലം രണ്ടു സീറ്റിന് ഭരണം നഷ്ടപ്പെട്ടു. പ്രതിച്ഛായയുള്ള രണ്ടു മന്ത്രിമാർക്ക് സീറ്റ് കൊടുത്തതുമില്ല. അടവുതന്ത്രത്തിന്റെ ഭാഗമായി സീറ്റ് കൊടുത്തിരുന്നെങ്കിൽ ഭരണം തിരിച്ചുകിട്ടിയേനെ എന്നാലോചിച്ചിട്ടുണ്ടോ?
ബിനോയ് വിശ്വത്തിന്റെ സീറ്റ് കിട്ടി. കെ.പി. രാജേന്ദ്രന്റെ സീറ്റാണ് നഷ്ടപ്പെട്ടത്. ഡീലിമിറ്റേഷനോടെ രാജേന്ദ്രന്റെ മണ്ഡലം തന്നെ മാറിയിരുന്നുവെന്നും ഓർക്കണം. ഇപ്പോൾ നിങ്ങൾ ചോദിക്കുമ്പോൾ ഒരു ചോദ്യം എന്നേയുള്ളൂ. അത് പാർട്ടിവേദികളിൽ പ്രശ്നമായി ഉയർന്നിട്ടില്ല. ഒരുപക്ഷേ, ഈ നയം തന്നെ ഞങ്ങൾ തുടർന്നെന്നു വരാം.
സി.പി.എമ്മിലെ വിഭാഗീയത പറയുമ്പോൾ സി.പി.ഐയിലെ വിഭാഗീയതകൂടി കാണേണ്ടതല്ലേ?
ബിനോയിയും രാജേന്ദ്രനും മത്സരിക്കേണ്ട എന്ന തീരുമാനം അവർകൂടി ഒപ്പമിരുന്ന് കൈക്കൊണ്ടതാണ്. അതിൽ വിഭാഗീയത ഇല്ല. ഇനി ഇതിൽ വീഴ്ചയുണ്ടോ തെറ്റുണ്ടോ എന്ന് കാലം പരിശോധിക്കേണ്ടതാണ്.
വി.എസിന്റെ കാര്യത്തിലുണ്ടായ ആശയക്കുഴപ്പം വിജയപ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച പോലെ ഇവരെ ഒഴിവാക്കിയതും ഇടതുപ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചു എന്ന് ജനം കരുതുന്നു.
അതു തമ്മിൽവലിയ വ്യത്യാസമുണ്ട്. എങ്കിലും നിങ്ങൾ പറയുന്നതിൽ ഒരു പോയിന്റ് ഇല്ല എന്നൊന്നും ഞാൻ പറയുന്നില്ല. കുറെ പാർട്ടി സഖാക്കളുടെ മനസ്സിലും ഇത്തരമൊരു സംശയം ഉണ്ടായിരുന്നിരിക്കാം. പാർട്ടി സമ്മേളനത്തിലോ കോൺഗ്രസിലോ ഇത്തരം സംശയം ഉയർന്നാൽ പുനാരാലോചനയുണ്ടാകും.
സി.പി.ഐ. സംസ്ഥാന സെക്രട്ടറിക്ക് രണ്ടാം ടേം വേണ്ട എന്ന ചിന്തയുണ്ടോ?
അങ്ങനെയൊരു പ്രശ്നം ചർച്ചയ്ക്കുവരേണ്ട സമയമായി എന്നു തോന്നുന്നില്ല.
മൂന്നു ജില്ലാസമ്മേളനങ്ങളിൽ പങ്കെടുക്കാനാവാതെ ആശുപത്രിയിലായിരുന്നല്ലോ താങ്കൾ?
ഏയ്, അതൊരു കാര്യമല്ല. ഇപ്പോൾ ഉഷാറാണ്. ദാ ഒരാഴ്ച മുമ്പേ കൊല്ലത്തേക്ക് പോകുകയാണ്.
സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കണം എന്നു പറയുമോ?
അത്തരമൊരു തോന്നലിന്റെ കാര്യമൊന്നുമില്ല.
ഇനി താങ്കൾ ഒഴിവാകണം എന്നു പാർട്ടി പറഞ്ഞാലോ?
അതു പറയാൻ പാർട്ടിക്ക് അവകാശമുണ്ട്.
അപ്പോൾ രണ്ടാംതവണയും താങ്കൾ പാർട്ടി സെക്രട്ടറിയാകും എന്നുറപ്പ്?
ഇത് ഒരഭിമുഖത്തിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങളല്ല.
ആദ്യമായി പങ്കെടുത്ത പാർട്ടി സംസ്ഥാനസമ്മേളനവും പാർട്ടി കോൺഗ്രസും?
കണ്ണൂരിൽ കാട്ടാമ്പള്ളിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി പങ്കെടുക്കുന്നത്. 1957ലെ മന്ത്രിസഭ വന്ന ഉടനോ പോയതിനു പിന്നാലെയോ ആണെന്നു തോന്നുന്നു ആ സമ്മേളനം. ആദ്യമായി പങ്കെടുത്ത പാർട്ടി കോൺഗ്രസ് പിളർപ്പിനുശേഷം 1964ൽ ബോംബെയിൽ ചേർന്ന കോൺഗ്രസാണ്. പിന്നീട് എല്ലാ പാർട്ടി കോൺഗ്രസിലും പങ്കെടുത്തു. കാട്ടാമ്പള്ളി സംസ്ഥാന സമ്മേളനത്തിനുശേഷമുള്ള എല്ലാ സംസ്ഥാനസമ്മേളനങ്ങളിലും പങ്കാളിയായി.
സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തെ എങ്ങനെ കാണുന്നു?
സംസ്ഥാന സമ്മേളനം വലിയ വിജയമാകണമെന്നുതന്നെയാണ് ആഗ്രഹിക്കുന്നത്. കാരണം കോൺഗ്രസിന്റെ തകർച്ചയും ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിനുളള സാദ്ധ്യതയും തെളിഞ്ഞുവരികയാണ്. ആ സാദ്ധ്യതയിൽ സി.പി.എമ്മിന് വലിയ പങ്കു വഹിക്കാനുണ്ട്. അതു വഹിക്കാൻ കഴിയുംവിധം സമ്മേളനം നടക്കട്ടെ എന്നാശംസിക്കുന്നു.
സി.പി.എമ്മിന്റെ 20-ാം കോൺഗ്രസും സി.പി.ഐയുടെ 21-ാം കോൺഗ്രസുമാണ് നടക്കാൻ പോകുന്നത്. ഇതെങ്ങനെ സംഭവിച്ചു?
അത് സി.പി.എമ്മിനോട് ചോദിക്കേണ്ട ചോദ്യമാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്ഭവം സംബന്ധിച്ച് ചില തർക്കങ്ങളൊക്കെ സി.പി.എമ്മിനുണ്ട്. ഞങ്ങൾക്ക് അത്തരം തർക്കവും സംശയവും ഇല്ല.
ബംഗാളിൽ സി.പി.എമ്മിന്റെ അഗ്രസീവായ സമീപനം എൽ.ഡി.എഫിന് തിരിച്ചടിയായി എന്ന് സി.പി.ഐയ്ക്ക് പരാതിയുണ്ടല്ലോ?
അഗ്രസീവായ സമീപനത്തിന്റെ ഭാഗമായ വിഭാഗീയതയൊന്നും ജനം ഇഷ്ടപ്പെടില്ല. ജനം പാർട്ടിയെ നോക്കുന്നത് അതു കാണാനല്ല. തങ്ങളുടെ മോചനത്തിനുവേണ്ടിയുള്ള ആയുധമായാണ് പാർട്ടിയെ കാണുന്നത്. അതുകൊണ്ടാണ് അണിനിരക്കുന്നത്. അപ്പോൾ അവരുടെ മോഹത്തിനനുസരണമായി നമ്മൾ വളരണം. കൊച്ചുകൊച്ചു പിണക്കങ്ങൾ ജനങ്ങളുടെ മോഹത്തിന് തടയിടരുത്.
എങ്കിലും സി.പി.എമ്മുമായി ഒരു അകൽച്ചയുണ്ടോ?
സി.പി.എമ്മും സി.പി.ഐയുമായി മേജർ ഡിസ്പ്യൂട്ട് ഒന്നുമില്ല. ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നുമാത്രം. അത് ജീവിതത്തിൽ എപ്പോഴും ഉണ്ടാകാവുന്ന സാദ്ധ്യതയാണ്. എന്നാൽ രണ്ടു പാർട്ടികളും ഒന്നിച്ചുനിന്ന് ഒന്നിച്ചു പോരാടേണ്ടത് അത്യാവശ്യമാണ്. ഇന്ത്യൻ സാഹചര്യത്തിൽ അതിനുണ്ടായ സെറ്റ്ബാക്കിനെപ്പറ്റി പ്രകാശ് കാരാട്ട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പാർലമെന്റ്, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരിച്ചടിയാണ് അദ്ദേഹം പരാമർശിച്ചത്. ഒരുപക്ഷേ, ഇവിടെ എൽ.ഡി.എഫ്. ഭരണത്തിലെത്തിയിരുന്നെങ്കിൽ അത് പരിഹരിച്ചേനെ. അതിനു കഴിഞ്ഞില്ല. എന്നുവച്ച് സാദ്ധ്യതയൊന്നും ഇല്ലാതായിട്ടില്ല. ഭരണം കൈയിലിരിക്കുകയായിരുന്നു, കൈമോശം വന്നു എന്നു മാത്രം.
സി.പി.എമ്മിന്റെ ഏറ്റവും അഗ്രസീവ് സമീപനം കേരളത്തിലാണോ?
ഞാൻ സെക്രട്ടറിയായ സന്ദർഭം വച്ചുനോക്കുമ്പോൾ അങ്ങനെയൊരു പ്രതിസന്ധിയുണ്ടായിട്ടില്ല.
പക്ഷേ, പല സന്ദർഭങ്ങളിലും പിണറായിയുമായി കൊമ്പുകോർത്തിട്ടുണ്ടല്ലോ?
അതൊക്കെ വേണ്ടിവരും. പറയേണ്ട കാര്യങ്ങൾ പറയേണ്ട സന്ദർഭത്തിൽ പറയണമല്ലോ. മിണ്ടാതിരിക്കുന്നതിൽ അർത്ഥമില്ല; കാര്യവുമില്ല. ചില കാര്യങ്ങളിൽ യോജിപ്പുണ്ടെന്നും മറ്റു ചിലതിൽ വിയോജിപ്പുണ്ടെന്നും പറയാതിരിക്കുന്നതിൽ ഒരു പൊളിറ്റിക്സ് ഇല്ല. അതു പറയും. അതിൽ ദുഃഖിച്ചിട്ട് കാര്യമില്ല.
പിണറായിയുമായുള്ള വ്യക്തിബന്ധം എങ്ങനെയാണ്?
നല്ല ബന്ധമാണ്. വളരെ ചെറുപ്പം മുതൽ വിജയനെ അറിയാം. ഞാൻ വിദ്യാർത്ഥി യുവജനപ്രസ്ഥാനം വിട്ടതിനു പിന്നാലെയാണ് വിജയൻ ആ രംഗത്തേക്ക് പ്രവേശിക്കുന്നത്. അപ്പോൾ വലിയ ഒരന്തരം ഇല്ല. മാത്രമല്ല വിജയന്റെ നാട്ടിൽ നിന്നാണ് ഞാൻ രണ്ടുതവണ പാർലമെന്റിൽ എത്തിയത്. എതിർത്താണ് ജയിച്ചുപോയത്. അപ്പോൾ എതിർപ്പിന്റെയും സഹകരണത്തിന്റെയും കാര്യമൊക്കെ അറിയാം. അതുകൊണ്ട് ഞങ്ങൾ തമ്മിൽ ഊഷ്മളമായി ബന്ധം തന്നെയാണ്.
പിണറായി പരുക്കനാണെന്ന പ്രചരണത്തെപ്പറ്റി?
ഓരോരുത്തരും ഉപയോഗിക്കുന്ന ഭാഷയുടെയും ശരീരഭാഷയുടെയും പ്രത്യേകതയാണ് ഒരാളെ പരുക്കനെന്നും അല്ലെന്നുമൊക്കെ തോന്നിപ്പിക്കുന്നത്. അതിനെ ഇൻഡിവിഡ്വൽ ട്രീറ്റായി കാണുക. വിജയന് മറ്റൊരാളായി പെരുമാറാൻ പറ്റുമോ?
നാലാം തവണയും അദ്ദേഹം സെക്രട്ടറി പദത്തിലെത്തുമെന്ന് കരുതുന്നു. പിണറായിയുടെ നേതൃത്വത്തിൽ വിശേഷമായി ആകർഷിക്കുന്ന ഘടകം എന്താണ്?
ഇടതുപക്ഷപ്രവർത്തനങ്ങൾ നടത്തുന്നതിൽ വലിയ സഹായമാണ് വിജയനിൽ നിന്ന് കിട്ടുന്നത്.
സി.പി.എം– സി.പി.ഐ ലയനം ചര്‍ച്ചയിലുണ്ടോ?
ആ ചര്‍ച്ച ഞങ്ങള്‍ ബോധപൂര്‍വ്വം ഉന്നയിക്കുന്നില്ല. കാരണം ഇത് ഏകപക്ഷീയമായി ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. ഒറ്റയ്ക്കു നില്ക്കാന് സി.പി.ഐയ്ക്ക് എന്തോ പ്രയാസമുണ്ട്. അതുകൊണ്ട് ലയനവാദം ഉണ്ടായിരുന്നു എന്നാണ് പലപ്പോഴും സി.പി.എം. എടുത്തിട്ടുള്ള നിലപാട്. ഞങ്ങള്‍ ആ അര്‍ത്ഥത്തിലല്ല കാര്യം പറഞ്ഞത്. ഇന്ത്യന്‍ സാഹചര്യത്തിലെ ഒരു അനിവാര്യത ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. മാത്രമല്ല ആഗോളരംഗത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രണ്ടു താത്വികചേരികളും ഇന്നില്ല. അതിനാല്‍ രണ്ടു പാര്‍ട്ടികളും വേറിട്ട് നില്ക്കുന്നതുകൊണ്ട് ഒരു നോട്ടവുമില്ല. മറിച്ച് ഒന്നായാല്‍ ഒട്ടേറെ സാഹചര്യങ്ങളെ അനുകൂലമാക്കാനും കഴിയും. അതുപക്ഷേ സി.പി.എമ്മിന് മനസ്സിലാകുന്നില്ല.
കാലഘട്ടത്തിൽ രാഷ്ട്രീയ കടമ എന്ന നിലയിലാണ് ലയനകാര്യം ചൂണ്ടിക്കാട്ടിയത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അപകടത്തിന്റെ സൂചന കണ്ട 1977ൽ – അന്നാണ് ബി.ജെ.പിയുടെ പൂർവ്വരൂപം അധികാരത്തിൽ വരുന്നത് – എം.എൻ. ഗോവിന്ദൻനായരാണ് ഇരു കമ്മ്യൂണിസ്റ്റുപാർട്ടികളും ഒന്നാകേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയത്. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇന്ന് ഐക്യത്തിന് തടസ്സമായ ഒന്നുമില്ല. സി.പി.എമ്മിന് പക്ഷേ അതു ദഹിച്ചിട്ടില്ല. അവർ പറയുന്നത് ഇനിയുമെന്തോ അടിസ്ഥാനകാര്യങ്ങൾ ചർച്ചചെയ്യാൻ ഉണ്ടെന്നാണ്.
അന്തർദ്ദേശീയതലത്തിൽ കമ്മ്യൂണിസ്റ്റ് ചേരിയുണ്ടോ?
ആഗോളമാറ്റങ്ങൾ പുതിയ പുതിയ സാഹചര്യങ്ങൾ സൃഷ്ടിച്ചു. പഴയ ചൈനയോ സോവിയറ്റ് റഷ്യയോ ഇന്നില്ല. അതുകൊണ്ട് ചേരികളില്ല. എന്നാൽ അന്തർദ്ദേശീയ കമ്മ്യൂണിസ്റ്റ് ഫോറം എന്ന നിലയിൽ രണ്ടുവർഷം കൂടുമ്പോൾ എൺപതോളം രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് സഖാക്കൾ ഒന്നിച്ചുചേരാറുണ്ട്. ആശയവിനിമയം നടത്താറുണ്ട്. അതിൽ കവിഞ്ഞ് ഇൻസ്റ്റിറ്റ്യൂഷണലായി അന്തർദ്ദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമില്ല. ഓരോ രാജ്യത്തെയും എൻറ്റിറ്റി ആയി കമ്മ്യൂണിസ്റ്റ് പാടെ മാറിക്കഴിഞ്ഞു.
രാജ്യത്തിന്റെ പാരമ്പര്യവും സാഹചര്യങ്ങളും ഉൾക്കൊണ്ടുകൊണ്ടാണ് ഓരോ രാജ്യത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളരേണ്ടത്.
മാധ്യമരംഗത്തെ അഴിമതി എങ്ങനെ കാണുന്നു? പ്രത്യേകിച്ച് ഇടതുവിരുദ്ധ മാധ്യമപ്രവർത്തനത്തെ?
നീര റാഡിയ ടേപ്പിലൂടെ മാധ്യമരംഗത്തെ അഴിമതിയും വെളിച്ചത്തായതാണ്. ഇടതുവിരുദ്ധ മാധ്യമപ്രവർത്തനം കുറെയൊക്കെ മാധ്യമങ്ങളുടെ നിലനിൽപ്പിന്റെ ഭാഗമായിക്കൂടിയാണ്. ഇതൊന്നുമല്ല അപകടം. മാധ്യമങ്ങൾ ഒന്നാകെ ആഗോള കോർപ്പറേറ്റുകളുടെ പിടിയിലാകുന്നതാണ്. ഇപ്പോൾത്തന്നെ മർഡോക്ക് ഇന്ത്യയിലെ പ്രധാന ചാനലുകൾ കൈക്കലാക്കിക്കഴിഞ്ഞു. ഇനി റിലയൻസ് കൂടി മാധ്യമരംഗത്തേക്ക് വരുന്നു എന്നാണ് അറിവ്. അവരെപ്പോലെ ഒരു ഗ്രൂപ്പ് പണം ഇറക്കുന്നതോടെ മറ്റ് മാധ്യമങ്ങളുടെയും അതിലെ ജീവനക്കാരുടെയും നില എന്താകും?
ചെറുകിട വ്യാപാരരംഗത്ത് വിദേശനിക്ഷേപം അനുവദിക്കുമ്പോഴുണ്ടാകുന്ന വലിയ ദുരന്തം ആലോചിച്ചിട്ടുണ്ടോ? ഇന്ത്യയിൽ പരമ്പരാഗത വ്യവസായം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സ്വയംതൊഴിൽ കണ്ടെത്തിയിട്ടുള്ളത് ചെറുകിടവ്യാപാരത്തിലാണ്. രാജ്യത്ത് നാലുകോടി ജനങ്ങളാണ് ചെറുകിട വ്യാപാരരംഗത്തുള്ളത്.
ഭരണകൂടത്തിലെ അഴിമതിക്കെതിരായ സമര പരമ്പരതന്നെ ഡൽഹിയിൽ നടന്നു. എങ്ങനെ വിലയിരുത്തുന്നു?
അന്നാ ഹസാരെയുടെ സമരത്തിന്റെ തെറ്റും ശരിയും നമ്മൾ ചർച്ച ചെയ്തുകഴിഞ്ഞതാണ്. എന്നാൽ ഒന്നുണ്ട്, അഴിമതി ഇന്ന് കടുത്ത യാഥാർത്ഥ്യമാണ്.
കള്ളപ്പണം, വിലക്കയറ്റം തുടങ്ങിയവയുമായി പരസ്പരം ബന്ധപ്പെട്ടുള്ളതാണ് അഴിമതി. കേവലം രാഷ്ട്രീയ അഴിമതി മാത്രമല്ല അത്. കുറച്ച് ഉദ്യോഗസ്ഥരും ചില രാഷ്ട്രീയക്കാരും മാത്രം ചേരുന്നതാകും നമ്മൾ കാണുന്ന അഴിമതി. ഇന്ത്യയുടെ പശ്ചാത്തലത്തിൽ നോക്കിയാൽ, പാർലമെന്റിൽ തന്നെ കോടീശ്വരന്മാരാണ് ഭൂരിപക്ഷം. ലോക്സഭയിൽ 360 കോടീശ്വരന്മാരുണ്ട്. സത്യത്തിൽ അവർക്കാണ് ഭൂരിപക്ഷം. ലോക്സഭയിൽ കോടീശ്വരന്മാർക്ക് ഭൂരിപക്ഷം എന്നു പറയുമ്പോൾ ഇന്ത്യയിലെ സാധാരണ പൗരന്റെ, രാഷ്ട്രീയക്കാരന്റെ അവസ്ഥ എന്താണ്? പണാധിപത്യം ജനാധിപത്യമായിരിക്കുന്നു.
കുപ്രസിദ്ധരായ ആന്ധ്രയിലെ ബല്ലാരി സഹോദരങ്ങൾ ഇത്തരം ജനാധിപത്യത്തിന്റെ തനി മുഖമാണ്. പൊലീസുകാരന്റെ മക്കളായ അവർ ഇന്ന് ആന്ധ്ര, കർണ്ണാടക ഭരണകൂടങ്ങളെ വരച്ച വരയിൽ നിറുത്തുന്നു. എന്തിന് ഇരുസംസ്ഥാനങ്ങളുടെ അതിരുകൾപോലും അവർ നിശ്ചയിക്കുന്ന നിലയിലെത്തി!
പുത്തൻ സാമ്പത്തികനയത്തിന്റെ ഉപോല്പന്നമാണ് ബല്ലാരി സഹോദരങ്ങൾ. കേരളീയർ ആദ്യം കേൾക്കുന്ന അഴിമതി മുദ്രാവാക്യം ‘അഞ്ചരലക്ഷത്തിന്റെ പനമ്പിള്ളി’ എന്നതായിരുന്നു. ഇന്ന് ലക്ഷമോ ഒരു കോടിയോ ഒരു തുകയാണോ? വിദേശ നിക്ഷേപത്തിനായി പല മേഖലകളും തുറന്നതോടെ അതിന്റെ അരികിലെങ്ങാനും വലവച്ചാൽത്തന്നെ ചില്ലറയായി എത്ര കോടി തെറിച്ചുവീഴും? വാസ്തവത്തിൽ ഐ.എസ്.ആർ.ഒ- ധാവോസ് സ്പെക്ട്രം കേസിൽ അതല്ലേ സംഭവിച്ചത്? പ്രധാനമന്ത്രി നേരിട്ടു നടത്തുന്ന വകുപ്പിലെ കുപ്രസിദ്ധമായ കുംഭകോണമാണ്. രണ്ടുലക്ഷം കോടിയുടെ അഴിമതിയെന്നാണ് സി.എ.ജി. പറയുന്നത്. ഇന്ത്യയിലെ ഏതെങ്കിലും കുറ്റാന്വേഷണ ഏജൻസി ഈ കേസ് അന്വേഷിച്ചോ?
ചുരുക്കത്തിൽ ഇത്തരം അഴിമതിക്ക് അവസരമുണ്ടാകുന്ന സാമ്പത്തിക നയങ്ങൾക്കെതിരെ നമ്മൾ നീങ്ങിയേ തീരൂ. ഇല്ലെങ്കിൽ ആ നയങ്ങൾ നമ്മളെത്തന്നെ ഇല്ലാതാക്കും. രാജ്യം ഒന്നാകെ അഴിമതിയിൽ മുങ്ങുകയാണ് എന്നോർക്കുക.
ആകട്ടെ. സി.പി.ഐയുടെ പാർട്ടി കോൺഗ്രസും നടക്കാനിരിക്കുന്നു. ഇന്ത്യയുടെ ഭരണസംവിധാനത്തെ പാർട്ടി എങ്ങനെ കാണുന്നു?
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആഗ്രഹിക്കുന്ന ഒരു മാറ്റം കൊണ്ടുവരാൻ ഇങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയൊന്നും പോരാ. പാർട്ടി വളരെ വലുതാകണം. മറ്റു പാർട്ടിയുടേതുപോലെ കമ്മ്യൂണിസ്റ്റ് പാർട്ടി പെട്ടെന്ന് വലുതാകില്ല. എന്നാൽ ബോധപൂർവ്വമായ ഒരു ശ്രമം ഉണ്ടാകണം, പാർട്ടി വളർത്താൻ. ജനങ്ങൾക്ക് താത്പര്യമുള്ള എല്ലാ വിഷയങ്ങളിലും പ്രവർത്തിക്കുന്ന പാർട്ടി എന്നൊരു ഇമേജ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടാകണം. ഞങ്ങളുടെ വലിയൊരു ശ്രമം ഇക്കാര്യത്തിൽ ഉണ്ടാകും.
ഇപ്പോഴത്തെ പാർട്ടി പ്രവർത്തനശൈലിയുടെ ഭാഗമായി ഒഴിവാക്കപ്പെട്ട ഒട്ടേറെ വിഭാഗങ്ങളുണ്ട്. ഉദാഹരണം ഗ്രാമസഭയും ഗ്രന്ഥശാലകളും. ഗ്രാമസഭകൾ ഭരണഘടനാസംവിധാനമാണ്. അത്തരം സഭ ചേരാത്തതിന് ഭരണാധികാരികളെ മാത്രം കുറ്റംപറഞ്ഞിട്ട് കാര്യമില്ല, ജനങ്ങളെ ഇത്തരമൊരു ബോധത്തിലേക്ക് കൊണ്ടുവരാൻ കഴിയാത്തതിന്റെ പ്രശ്നമാണത്. ജനങ്ങളെ സംബന്ധിച്ച് അടിസ്ഥാന തീരുമാനങ്ങൾ എടുക്കേണ്ടത് ഗ്രാമസഭകളിലാണ്. അതിന്റെ പ്രാധാന്യം ഇന്ന് കുറച്ചുകാണുന്നു. അത് ജനാധിപത്യത്തെത്തന്നെ ക്ഷീണിപ്പിക്കുന്നതാണ്. ഗ്രാമസഭയിൽ ഗ്രാമത്തിലെ ജനങ്ങളെല്ലാം അംഗങ്ങളാണ്. തങ്ങളുടെ ആവശ്യം ഉന്നയിക്കാനുള്ള വേദിയും അതാണ്. ഈ രംഗത്ത് പാർട്ടി കൂടുതൽ ബോധപൂർവ്വം ഇടപെടണം.
ഗ്രാമസഭ പോലെ ഗ്രന്ഥശാലകളും ഒഴിവാക്കപ്പെട്ട ഒന്നാണ്. ഒരുകാലത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചാലകശക്തിയായിരുന്നു വായനശാലകൾ. `പുതിയ കേരളം സൃഷ്ടിക്കുന്നതിൽ അനൗപചാരിക യൂണിവേഴ്സിറ്റി എന്ന നിലയിൽ ഗ്രാമീണ ഗ്രന്ഥശാലകൾ വലിയ ദൗത്യമാണ് നിറവേറ്റിയതെന്ന്` അമർത്യാസെൻ പറഞ്ഞിട്ടുണ്ട്.
ഇന്ന് സാങ്കേതികവിദ്യയുടെ കുതിച്ചുകയറ്റം ഗ്രന്ഥശാലകളെ ബാധിച്ചിട്ടുണ്ടെങ്കിൽ പുസ്തകവായനയൊന്നും അങ്ങനെ മരിക്കില്ല.
ചുരുക്കത്തിൽ അവഗണിക്കപ്പെട്ട മേഖലകളിൽ പ്രവർത്തനം വീണ്ടും ശക്തമാക്കണമെന്നാണ് പാർട്ടിയുടെ ഒരു തീരുമാനം. രാഷ്ട്രീയപ്രവർത്തനത്തിന്റെ മുഖ്യധാരയിൽ വന്നിട്ടുള്ള പുതിയ സാദ്ധ്യതകളും കണക്കിലെടുക്കേണ്ടതാണ്. പുതിയ സാദ്ധ്യത എന്നു പറയുന്നത് ആഗോള സാമ്പത്തികമാറ്റത്തിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ്.
അത് എങ്ങനെയാണ്?
ധാവോസിൽ നടന്ന സാമ്പത്തിക ഉച്ചകോടിയിൽ മുൻനിര രാഷ്ട്രങ്ങളുടെ വിലാപം സാമ്പത്തിക പ്രതിസന്ധിയെപ്പറ്റിയായിരുന്നു. ശ്രദ്ധിക്കേണ്ട കാര്യം വൻശക്തിരാഷ്ട്രങ്ങൾ എത്രയോ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടും പ്രതിസന്ധി മറികടക്കാനാകുന്നില്ല!
ഇനിയും തൊഴിലില്ലായ്മ പെരുകുമെന്നാണ് വൻശക്തികൾ തുറന്നുസമ്മതിക്കുന്നത്. തൊഴിലില്ലായ്മ പെരുകിയാൽ ദാരിദ്ര്യം കൂടും. അത്തരത്തിൽ കാര്യങ്ങൾ നീങ്ങുമ്പോൾ, കാൾ മാർക്സിന് ഇനിയും പ്രസക്തിയുണ്ടെന്ന് സ്വയം അംഗീകരിക്കേണ്ടിവരും. അത് താത്വികവശം. വൻശക്തികൾ നേരിടുന്ന ഈ പ്രശ്നം ഇന്ത്യയും അഭിമുഖീകരിക്കുകയാണ്. ആഗോളവത്കരണം സ്വീകരിച്ചതോടെ ഇന്ത്യയുടെ സാമ്പത്തികരംഗവും ആഗോളമാന്ദ്യത്തിന്റെ ആഘാതം അനുഭവിക്കുകയാണ്.
ഇതൊക്കെ ചൂണ്ടിക്കാട്ടുമ്പോൾ കമ്മ്യൂണിസ്റ്റുകാരെ വികസനവിരുദ്ധരെന്ന് ആക്ഷേപിക്കും. പക്ഷേ, ഉദാരവത്കരണത്തിന്റെ ആഘാതം വലിയ തോതിൽ അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. പറയുന്നതൊന്നും പെട്ടെന്ന് ബോദ്ധ്യമായെന്നും വരില്ല. പക്ഷേ, പറയാതിരിക്കാനും വയ്യ. ഒരു ഉദാഹരണം പറയാം. തമിഴ്നാട്ടിൽ മൂന്നു ജില്ലകളിലായി 70,000 ഹെക്ടർ ഭൂമിയിൽ ഈ സീസണിൽ കൃഷിയിറക്കില്ലെന്ന് കർഷകർ പ്രഖ്യാപിച്ചിരിക്കയാണ്. തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സർക്കാർ പരിഹാരമുണ്ടാക്കാതെ കൃഷിയില്ല എന്നാണ് നിലപാട്. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്ത സീസണിൽ തങ്ങളും കൃഷിയിറക്കില്ലെന്ന് മറ്റു കർഷകരും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ട്രെൻഡ് ഇന്ത്യ മുഴുവൻ വ്യാപിക്കുകയാണ്. കാർഷികമേഖലയിലെ തകർച്ചയുടെ സൂചന ആദ്യം കണ്ടത് കർഷകരുടെ ആത്മഹത്യയിലൂടെയാണ്. ഇപ്പോഴത് കൃഷിഭൂമി തരിശിടുന്നതിൽ എത്തി. നവ ഉദാരനയങ്ങളുടെ ഭാഗമായി കൃഷി ഇന്ന് അഗ്രി ബിസിനസ്സാണ്. കൃഷി ചെയ്യാൻ കൃഷിക്കാരന്റെ ആവശ്യമില്ല എന്നതാണ് ‘അഗ്രിബിസിനസ്സു’കാരുടെ മുദ്രാവാക്യം. കുറേ ശാസ്ത്രജ്ഞരും കുറെ യന്ത്രങ്ങളും മണ്ണും മതി. അങ്ങനെയാണ് അമേരിക്കയിൽ! ഒരു കൃഷിക്കാരൻ ഉല്പാദിപ്പിക്കുന്നതിനെക്കാൾ 50 മടങ്ങ് ‘അഗ്രി ബിസിനസ്സു’കൊണ്ട് പറ്റും, ഇതാണ് നിലപാട്. ഇപ്പറഞ്ഞത് അമേരിക്കയിൽ ശരിയാകും. കാരണം ജനസംഖ്യ 30 കോടിയേയുള്ളൂ. കൃഷിചെയ്യാൻ ആളുമില്ല. ഇവിടെ ഇന്ത്യയിൽ കൃഷി ഉപജീവനമാർഗ്ഗമാണ്. ഇത് മറന്നുകൊണ്ടാണ് ഭക്ഷ്യസുരക്ഷയെന്നൊക്കെ പറയുന്നത്. അഗ്രി ബിസിനസ്സിലൂടെയോ ഇറക്കുമതിയിലൂടെയോ ആവശ്യത്തിന് ഭക്ഷ്യവസ്തു കിട്ടുമെങ്കിൽ എന്തിന് ജനം കൃഷിയിറക്കുന്നു എന്നാണ് ചോദ്യം. കൃഷി ഉപജീവനമാക്കിയ ജനങ്ങളെ മറന്നുകൊണ്ടുള്ളതാണ് ഈ വർത്തമാനം എന്നത് മറന്നുപോകുന്നു
ചില സാങ്കേതികവിദ്യകൾ കടംകൊണ്ട്, രാജ്യത്തെ പട്ടിണിയിലാക്കുകയാണ്. നിലവിൽ ഇന്ത്യയിൽ വ്യാവസായികോല്പാദനം വർദ്ധിക്കുകയും തൊഴിലവസരങ്ങൾ കുറയുകയുമാണ്, മാത്രമല്ല, ഉള്ള തൊഴിലിനുതന്നെ സുരക്ഷയും ഇല്ലാതാകുന്നു. ഇതൊക്കെ ഞങ്ങൾ പറയുമ്പോൾ, ഡങ്കൽ കരാറു മുതൽ സർവ്വതിനെയും എതിർക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് ആക്ഷേപിക്കും. എന്നാൽ കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല, ഇന്ത്യയിലെ 10 ട്രേഡ് യൂണിയനുകൾ ഇപ്പോൾ അപകടം മണത്ത് ഒന്നിച്ചിരിക്കുന്നു. ഫെബ്രുവരി 28ലെ ദേശീയ പണിമുടക്ക് ഇതിന്റെ ഭാഗമാണ്. 60 വർഷത്തിനുശേഷം ഇതാദ്യമായാണ് ഇന്ത്യയിൽ ഇത്തരമൊരു ട്രേഡ് യൂണിയൻ മൂവ്മെന്റ് ഉണ്ടാകുന്നത്.
ഇതൊരു വഴികാട്ടിയായി കണ്ട് മറ്റു മേഖലകളിലും സമരം ആവശ്യമാണ്. ഇത്തരമൊരു സമരാഹ്വാനം സംസ്ഥാനസമ്മേളനത്തിൽ ഉണ്ടാകും.
