കാനം രാജേന്ദ്രൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് നിറഞ്ഞ സൗമ്യതയാണ്. ഏത് സാഹചര്യത്തിലും ചഞ്ചല പെടാതെ സധൈര്യം മുന്നോട്ടു നടക്കുന്ന അക്ഷോഭ്യനായ ഒരു നേതാവ്. ഏത് കാര്യത്തിലും കൃത്യമായ അഭിപ്രായവും തീരുമാനങ്ങളും നിലപാടുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
രാഷ്ട്രീയമായി ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആ കെട്ടുറപ്പ് നിലനിർത്താൻ ശക്തമായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ എപ്പോഴും ഒരു class conscious ആയ തൊഴിലാളി വർഗ്ഗ ബോധം അദ്ദേഹം ഉയർത്തിപ്പിടിച്ചിരുന്നു. അത് പലപ്പോഴും അടുത്ത് നിന്ന് കണ്ടു പഠിക്കാൻ സാഹചര്യം കിട്ടിയിരുന്നു.
അതുപോലെ തന്നെയാണ് Women issues ൽ അദ്ദേഹത്തിന്റെ നിലപാടുകൾ. അത്തരമൊരു വിഷയത്തിൽ ഇടപെട്ട് മനസ്സിക സമ്മർദ്ദത്തിലായ അവസരത്തിൽ അത് അറിഞ്ഞ അദ്ദേഹം ശക്തമായ പിന്തുണ തന്നത് – അന്ന് പറഞ്ഞ വാക്കുകൾ ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ് . ശക്തമായി നിലപാടെടുക്കുവാൻ കൃത്യതയോടെ അത് പാലിക്കാൻ അവിടെ പഠിപ്പിക്കുകയായിരുന്നു.
മറ്റൊരവസരത്തിൽ വനിത സംവരണ ബില്ലുമായി ബന്ധപ്പെട്ട് – മേരി റായിയുടെ വിധി പരാമർശിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇരുത്തം വന്ന, എല്ലാ അർത്ഥത്തിലും കമ്മ്യൂണിസ്റ്റ് ആയ പാർട്ടി സെക്രട്ടറിയുടേതായിരുന്നു.
ഒരു ട്രെഡ് യൂണിയൻ പ്രവർത്തകന്റെ ആദ്യവും അവസാനവുമായ കർത്തവ്യം തൊഴിലാളികളോടാണെന്ന് എപ്പോഴും ഓർമ്മിപ്പിച്ചിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ തീരുമാനങ്ങളിൽ ഒരു ഇരുത്തം വന്ന നേതാവിന്റെ പാകത പ്രകടമായിരുന്നു. ഏതൊരു പാർട്ടി പ്രവർത്തകനും പ്രാപ്യമായ ഒരു നേതാവ്. ഏതവസ്ഥയിലും ക്ഷമയോടെ അക്ഷോഭ്യനായി പ്രവർത്തകരെ കേൾക്കുന്ന നേതാവായിരുന്നു അദ്ദേഹം.. ഒരു പക്ഷേ വളരെ ചെറുപ്പം മുതൽ അതികായന്മാരായ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ശിക്ഷണത്തിൽ പ്രവർത്തിക്കുവാൻ സാധിച്ചതും ,അനുഭവ തീച്ചുളയിലൂടെ നടന്ന പാരമ്പര്യവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ കൈമുതലായി . എന്നു മാത്രമല്ല അത് അടുത്ത തലമുറയ്ക്ക് പകർന്നു നൽകാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ഒരവസരത്തിൽ അദ്ദേഹത്തെക്കുറിച്ച് നമ്മുടെ ഒരു ദേശീയ നേതാവ് പറഞ്ഞത് തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച , അവരെ സംഘടിപ്പിക്കാൻ സാധിച്ച , തൊഴിൽ വിഷയങ്ങളിൽ ഇടപെട്ട അനുഭവസമ്പത്ത് ഏതൊരു MBA ഡിഗ്രിയുടെയും മുകളിലാണെന്നും ആ അനുഭവഞ്ജാനം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അമരക്കാരനായപ്പോൾ തെളിയിക്കപ്പെട്ടു എന്നുമാണ്.
ട്രേഡ് യൂന്നിയൻ സമ്മേളനങ്ങളിലെ ഡെലഗേറ്റ് ചർച്ചകൾ നടക്കുന്ന വേളയിൽ കൃത്യമായ കുറിപ്പുകൾ തയ്യാറാക്കി ശ്രദ്ധിക്കുന്ന സ. കാനം ഞങ്ങൾക്ക് അത്ഭുതമായിരുന്നു. സമ്മേളനങ്ങളെ ഗൗരവത്തോടെ കാണാനും ചർച്ചകളുടെ പ്രാധാന്യം മനസ്സിലാക്കിത്തരാനും കരുത്തുള്ള നേതൃത്വം വാർത്തെടുക്കാനും ഇത്തരത്തിൽ അദ്ദേഹം ശ്രമിച്ചിരുന്നു.
നിയമങ്ങൾ പൊളിച്ചടുക്കി തൊഴിലാളിയേയും ട്രേഡ് യൂണിയനുകളേയും കൂച്ചുവിലങ്ങിടാൻ കേന്ദ്രം ശ്രമിക്കുമ്പോഴും മാറുന്ന കാലഘട്ടത്തിൽ പുതിയ ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതും പുതിയ മേഖലകളിലേയ്ക്ക് ട്രേഡ് യൂണിയൻ കടന്നുചെല്ലേണ്ടതിന്റെ ആവശ്യകതയും എപ്പോഴും ഓർമ്മിപ്പിക്കുമായിരുന്നു.
ഏതവസ്ഥയിലും തൊഴിലാളി അനുകൂല നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. തൊഴിലാളി അവൻ ഏത് കൊടിയുടെ നിറം ആയാലും നമ്മളെ സമീപിച്ചാൽ ആത്മാർദ്ധതയോടെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹം പഠിപ്പിച്ചു തന്നു. തൊഴിൽ വിഷയങ്ങളിൽ സമ്മചിത്തതയോടെ ഇടപെടാൻ പല അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. സൗമ്യൻ എന്നാൽ ശക്തനായ നിലപാടുകളിലുറച്ച തൊഴിലാളി നേതാവായ പാർട്ടി സെക്രട്ടറി, അതായിരുന്നു സ.കാനം . തൊഴിലാളി വർഗ്ഗത്തിലൂന്നിയ മുന്നേറ്റമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
തൊഴിലാളി വർഗ്ഗം ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന ഈ സമയത്ത് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന് തീരാ നഷ്ടം തന്നെയാണ്.
ചെറുത്തു നിൽപ്പിന്റെ പോരാട്ടവീര്യം അണയാതെ സൂക്ഷിക്കാൻ വിശ്രമരഹിതമായി പ്രവർത്തിക്കുകയാണ് പ്രീയ സഖാവിന് നമ്മുക്ക് നൽകാൻ സാധിക്കുന്ന അന്ത്യാഞ്ജലി. അദ്ദേഹം സ്വപ്നം കണ്ട തൊഴിലാളി വർഗ്ഗ രാഷ്ട്രീയം കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടു പോകാൻ സഹായകമാകട്ടെ.
Kavitha Rajan
AITUC State secretary





