വിഷയം: ‘സഹകരണ ഫെഡറലിസവും ഗവര്‍ണ്ണറുടെ പങ്കും’ തിരുവനന്തപുരം
സുഹൃത്തുക്കളെ,
നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയാണ് ഇന്‍ഡ്യന്‍ ഭരണഘടന. അത് രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നു. സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നു. വൈവിദ്ധ്യമാര്‍ന്ന സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ബന്ധങ്ങളുടേയും ഭരണാധികാരം കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകളും ഭരണഘടന നിഷ്ക്കര്‍ഷിക്കുന്നു.
ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ആത്മാവും ഘടനയും മനസ്സിലാക്കണമെങ്കില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസം അഥവാ സംയുക്ത സംസ്ഥാന വ്യവസ്ഥിതി എന്താണെന്ന് അറിഞ്ഞിരിക്കണം. അതുപോലെ പരസ്പര ബഹുമാനത്തോടെ കേന്ദ്ര ഭരണത്തിന്റേയും സംസ്ഥാന ഭരണത്തിന്റേയും ഇടയിലുള്ള പ്രവര്‍ത്തനപരമായ ഐക്യത്തെക്കുറിച്ചുള്ള അവബോധവും അനിവാര്യമാണ്. ഭരണഘടന പ്രകാരം ഓരോ സംസ്ഥാനത്തിന്റേയും ഭരണത്തലവനായ ഗവര്‍ണ്ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി കൂടിയാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ക്കിടയിലെ ഒരു ഭരണഘടന കണ്ണി എന്ന നിലയില്‍ ഗവര്‍ണ്ണര്‍ വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്. എന്നാല്‍ ഈയടുത്ത കാലത്തായി ചില സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാര്‍ ഭരണഘടന വ്യവസ്ഥകള്‍ മിറകടന്ന് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ വിശ്വാസികളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സഹകരണ ഫെഡറലിസത്തെ തകര്‍ക്കുമെന്ന ഭയവും ഉളവാക്കിയിട്ടുണ്ട്.
ഇത്തരുണത്തില്‍ ഭരണഘടനയുടെ ചട്ടക്കുടിനുള്ളില്‍ നിന്നുകൊണ്ട് സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തുന്നതില്‍ ഗവര്‍ണ്ണര്‍മാര്‍ എങ്ങിനെ പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ചുള്ള വിമര്‍ശനാത്മകമായ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും കാലിക പ്രസക്തി കൈവന്നിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്’സഹകരണ ഫെഡറലിസവും ഗവര്‍ണ്ണറുടെ പങ്കും’ എന്ന വിഷയത്തെ അധികരിച്ച് സി.കെ.ചന്ദ്രപ്പന് ഫൗണ്ടേഷന് ഒരു ലേഖന രചന മത്സരം സംഘടിപ്പിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ എല്ലാ വിദ്യാര്‍ത്ഥി സുഹൃത്തുക്കളേയും ഞങ്ങള്‍ സാദരം ക്ഷണിക്കുന്നു.
സസ്നേഹം
മത്സരത്തിന്റെ വ്യവസ്ഥകള്‍
ലേഖനങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ ആയിരിക്കണം.
മത്സരത്തില്‍ കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകളുള്‍പ്പെടെയുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.
ലേഖനങ്ങള്‍ മലയാള ഭാഷയില്‍ രചിച്ചവയായിരിക്കണം.
ലേഖനങ്ങള്‍ പരമാവധി 1500 വാക്കുകളില്‍ കവിയാന്‍ പാടുള്ളതല്ല.
ലേഖന കര്‍ത്താവ് ഒരാള്‍ ആയിരിക്കണം. ഒന്നില്‍ കൂടുതല്‍ ലേഖകര്‍ എഴുതിയ ലേഖനങ്ങള്‍ അംഗീകരിക്കുന്നതല്ല
ലേഖകര്‍ തങ്ങള്‍ പഠിക്കുന്ന സ്ഥാപനത്തിലെ ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ് ലേഖനത്തോടൊപ്പം അ യക്കണം.
സമ്മാനാര്‍ഹമായി മൂന്ന് ലേഖനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ്. ഭരണഘടന രംഗത്തെ വിദഗ്ദ്ധര്‍ അടങ്ങിയ മൂന്നംഗ സമിതിയായിരിക്കും സമ്മാനര്‍ഹരെ തെരഞ്ഞെടുക്കുന്നത്. ആ സമിതിയുടെ തീരുമാനം അന്തിമ മായിരിക്കും.
ഒന്നും രണ്ടും മൂന്നും സമ്മാന ജേതാക്കള്‍ക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നല്‍കുന്നതാണ്.
പങ്കെടുക്കുന്ന എല്ലാവര്ക്കും സർട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
സമ്മാനാര്‍ഹമായ ലേഖനങ്ങള്‍ ഫൗണ്ടേഷനോ ഫൗണ്ടേഷനുമായി സഹകരിക്കുന്ന സംഘടനകളുടേയോ പ്രസിദ്ധീകരണങ്ങളില്‍/വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുവാനുള്ള അവകാശം ഫൗണ്ടേഷനില്‍ നിക്ഷിപ്തമായിരിക്കും.
ലേഖനങ്ങള്‍ ലഭിക്കാനുള്ള അവസാന തിയതി : ഓഗസ്റ്റ് 15
ലേഖനങ്ങളും ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും അയക്കേണ്ട ലിങ്ക്:
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ckcfoundation@gmail.com
സി.കെ.ചന്ദ്രപ്പന് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റീസ്
തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സി.കെ.ചന്ദ്രപ്പന് ഫൗണ്ടേഷന്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളിലെ അടിസ്ഥാനപരവും ശാസ്ത്രീയവുമായ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുക, ഈ വിഷയങ്ങളെ അധികരിച്ച് പഠന ക്ലാസ്സുകള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുക, ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങള്‍, പ്രബന്ധങ്ങള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ പ്രസിദ്ധീകരിക്കുക, ഇന്‍ഡ്യന്‍ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മഹത്തായ ലക്ഷ്യങ്ങള്‍ക്കായി പ്രചരണം നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി പ്രവര്‍ത്തിക്കുകയും രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ സങ്കുചിത, വിഭാഗീയ, വിഘടന പ്രവര്‍ത്തനങ്ങളെ നിരുത്സാഹപ്പെടുത്തുക, രാജ്യത്തെ ജനാധിപത്യ പ്രക്രിയകളിലും, വികസന പ്രവര്‍ത്തനങ്ങളിലും പങ്കാളിത്തം വഹിക്കുക തുടങ്ങി നിരവധി ഉദ്ദേശ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
സി.കെ.ചന്ദ്രപ്പന് അനുസ്മരണ സമ്മേളനങ്ങള്‍ക്ക് പുറമെ ഭരണഘടനയും സ്ഥിതി സമത്വ രാഷ്ട്രവും, ഭരണഘടന സംരക്ഷണത്തിന്റെ പ്രസക്തി, പൗരത്വ ഭേദഗതി നിയമം “വീ ദ പീപ്പിള്‍ ഓഫ് ഇന്‍ഡ്യ” തുടങ്ങി നിരവധി വിഷയങ്ങളില്‍ സെമിനാറുകളും സംവാദങ്ങളും ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇതിനകം സംഘടിപ്പിക്കുകയുണ്ടായി. നാഷണല്‍ ജൂഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ ഡോ.ജി.മോഹന്‍ ഗോപാല്‍, ജസ്റ്റീസ് വി.ജി.അരുണ്‍, പ്രൊഫ.എം.കെ.സാനു, സുനില്‍ പി.ഇളയിടം, അഡീഷണല്‍ അഡ്വ. ജനറല്‍ കെ.പി.ജയചന്ദ്രന്, സി.പി.ഐ.സെക്രട്ടറി ബിനോയ് വിശ്വം, എ.ഐ.ടി.യു.സി.സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ.പി.രാജേന്ദ്രന്, എ.ഐ.ടി.യു.സി.ദേശീയ സെക്രട്ടറി ആര്.പ്രസാദ് എന്നീ പ്രമുഖ വ്യക്തികള്‍ വിവിധ സെമിനാറുകളിലും സംവാദങ്ങളിലും പങ്കെടുത്തിട്ടുണ്ട്. സി.കെ.ചന്ദ്രപ്പന് ഫൗണ്ടേഷന്റെ വെബ്സൈറ്റും പ്രവര്‍ത്തനക്ഷമമാണ്.
മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന്, അഡ്വ.മോട്ടിലാല്‍, അഡ്വ.പി.എ.അസീസ്, ആര്.സുരേഷ്, അഡ്വ.വി.ബി. സ്വാമി നാഥന്, സഫിമോഹന്‍ എന്നിവരാണ് ഫൗണ്ടേഷന്റെ ഭാരവാഹികള്‍.
സി.കെ.ചന്ദ്രപ്പന്
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടേയും യുവജന പ്രസ്ഥാനത്തിലൂടേയും ദേശീയ രാഷ്ട്രീയത്തിലെത്തിച്ചേരുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗം, സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറി, പ്രഗത്ഭനായ പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് സി.കെ.ചന്ദ്രപ്പന്. വയലാര്‍ സ്റ്റാലിന് എന്നറിയപ്പെടുന്ന സി.കെ.കുമാരപ്പണിക്കരുടേയും അമ്മുക്കുട്ടിയമ്മയുടേയും മകനായി 1936-ല്‍ ചേര്‍ത്തലയില്‍ ചന്ദ്രപ്പന് ജനിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ഘട്ടത്തിലേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധം കാരണം എറണാകുളത്തുള്ള മഹാരാജാസ് കോളേജില്‍ പ്രവേശനം ലഭിക്കാത്തതിനാല്‍ ചിറ്റൂര്‍ ഗവണ്മെന്റ് കോളേജില്‍ പ്രവേശനം നേടി ബിരുദം കരസ്ഥമാക്കി. ബിരുദാനന്തര പഠനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലായരുന്നു. ആള് ഇന്‍ഡ്യ സ്റ്റുഡന്റ്സ് ഫെഡറേഷന്, ആള് ഇന്‍ഡ്യ യൂത്ത് ഫെഡറേഷന് എന്നിവയുടെ ദേശീയ നേതാവായി പ്രവര്‍ത്തിച്ചു. 1971-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ആ സ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. 1971, 1977, 2004 എന്നീ വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് ലോക്സഭാംഗമായി. 1991-ല്‍ ചേര്‍ത്തലയില്‍ നിന്ന് വിജയിച്ച് കേരള നിയമസഭയിലുമെത്തി. ഇന്‍ഡ്യന്‍ പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച വ്യക്തിയാണദ്ദേഹം. 18 വയസ്സില്‍ വോട്ടവകാശം, ജനപ്രതിനിധികളെ തിരികെ വിളിക്കാനുള്ള ജനങ്ങളുടെ അവകാശം, സ്ത്രീകളുടെ പ്രാതിനിധ്യ വര്‍ദ്ധവ് തുടങ്ങിയ നിരവധി സ്വകാര്യ ബില്ലുകള്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. വനവകാശ നിയമം, വിവരാവകാശ നിയമം, തൊഴിലുറപ്പ് നിയമം തുടങ്ങി മറ്റ് അനവധി നിയമങ്ങള്‍ സമഗ്രമാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമായി രുന്നു. 2010 നവംബരില്‍ സി.പി.ഐ.സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2012 മാര്‍ച്ച് 22-ന് അദ്ദേഹം അന്തരിച്ചു.





